ന്യൂഡല്‍ഹി: ഉഭയകക്ഷി ധാരണ ലംഘിച്ച് അതിർത്തിയിൽ ഇന്ത്യ അഞ്ചിടങ്ങളിൽ മുള്ളുവേലി കെട്ടുന്നതായി ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. സംഭവത്തിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
അതിര്‍ത്തിയില്‍ 4,156 കിലോമീറ്റര്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ഇന്നലെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
സുരക്ഷാര്‍ഥം അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജഷീം ഉദ്ദിനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രണയ് വര്‍മ പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിസേനകളായ ബിഎസ്എഫും ബിജിബിയും (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും ബംഗ്ലാദേശുമായി മികച്ച സൈനിക സഹകരണമുണ്ടെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. അയൽക്കാർ എന്ന നിലയിൽ ബംഗ്ലാദേശ് ഇന്ത്യക്ക് വളരെ പ്രധാന്യമുള്ള രാജ്യമാണ്.
ബംഗ്ലാദേശ് സൈന്യവുമായി നിലവിൽ സഹകരണം തുടരുന്നുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വന്നാലെ മറ്റ് ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.