ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്. നിലവിൽ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റീസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശിപാർശ ചെയ്തത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റീസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റീസ് വിനോദ് ചന്ദ്രൻ.