തിരുവനന്തപുരം : നെയ്യാറ്റിൻകര "ഗോപൻ സ്വാമിയുടെ സമാധി' തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇന്ന് കല്ലറ തുറന്നു പരിശോധിക്കും. സബ് കളക്ടർ ആൽഫ്രഡിന്റെ സാനിധ്യത്തിലാകും തുറന്ന് പരിശോധിക്കുക.
ഇതിനായുള്ള നടപടികൾ പോലീസ് പൂർത്തിയാക്കി. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസ്.
സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11ന് നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി.