കൊച്ചി: നടി ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുൻകൂര്‍ ജാമ്യാപേക്ഷയിൽ പോലീസിന്റെ നിലപാട് ഹൈക്കോടതി തേടിയിരിക്കുകയാണ്.
ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഇതിന് മുമ്പായി പോലീസ് നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്.
കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു.
തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.