കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കോട്ടയം എസ്പിയുടെ റിപ്പോർട്ട് പുറത്ത്. എല്ലാം തെളിയണമെങ്കിൽ കേസെടുത്തുള്ള അന്വേഷണം വേണം. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.
പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ല. പരാതിക്കാരൻ കോടതിയെ സമീപിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നു തന്നെയാണെന്ന് പോലീസ് പറയുന്നു.
പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി. ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇ.പി.ജയരാജനും ഡിസി ബുക്സും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ല.
കേസ് എടുത്ത് അന്വേഷിക്കണമെങ്കിൽ ഇ.പി കോടതിയെ സമീപിക്കണമെന്നും കോട്ടയം എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ വയനാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനം പുറത്തുവന്നത് വൻ വിവാദമായിരുന്നു.