കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതികളും സ്വീകരിക്കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നോഡല്‍ ഓഫീസര്‍മാരുടെ അധികാര പരിധി വര്‍ധിപ്പിച്ച കോടതി സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതിയും നോഡല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ നോഡല്‍ ഓഫീസര്‍മാര്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി അറിയിച്ചു.