കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകൾ കേന്ദ്ര സർക്കാരിന് കൈമാറിയെന്ന് സംസ്ഥാനം ഹൈക്കോടതിയിൽ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തും സർക്കാർ കോടതിയിൽ ഹാജരാക്കി. കോടതി നിർദേശപ്രകാരമാണ് കണക്കുകൾ കൊടുത്തതെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, കത്ത് ഔദ്യോഗികമായി ലഭിച്ചില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതോടെ നടപടിക്രമങ്ങൾ പാലിച്ച് ഇന്ന് തന്നെ കത്തയയ്ക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു.
ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര നീക്കത്തെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2016, 2017 വര്‍ഷത്തെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിന് ഇപ്പോള്‍ ചോദിക്കുന്നെന്നും കോടതി ചോദ്യമുന്നയിച്ചു.
ചൂരല്‍മല ഉരുള്‍പൊട്ടലിന് തൊട്ടുപിന്നാലെ തുക ചോദിച്ചത അദ്ഭുതപ്പെടുത്തുന്നു. കേന്ദ്രം സമര്‍പ്പിച്ച 132 കോടി രൂപ ബില്ലില്‍ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടിയാണ്. ബാക്കി ബില്ലുകള്‍ എട്ട് വര്‍ഷം മുമ്പുള്ളതാണ്. പെട്ടെന്ന് ഈ ബില്ലുകളെല്ലാം എവിടുന്ന് കിട്ടിയെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാനും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. അടുത്ത മാസം 10ന് കേസ് വീണ്ടും പരിഗണിക്കും.