കണ്ണൂർ: വിദേശത്തു നിന്ന് എത്തിയ തലശേരി സ്വദേശിയായ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട് സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.