കൊച്ചി: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചത്.
നാട്ടുകാരുടെ വിവിധ ആവശ്യങ്ങളിൽ കളക്ടർ ഉറപ്പ് നൽകി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.
ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഇന്ന് മുതൽ തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിംഗിന്റെ ജോലികൾ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനൽകി.
മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കോതമംഗലത്ത് ഇന്ന് മൂന്നിന് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു.
ക്ണാച്ചേരി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.