അങ്കോള: പത്മശ്രീ തുളസി ഗൗഡ(80) അന്തരിച്ചു. അങ്കോളയിലെ ഹൊന്നാലി ഗ്രാമത്തില്‍ ആയിരുന്നു അന്ത്യം. മുപ്പതിനായിരത്തിലധികം മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധയാകര്‍ഷിച്ചത്.
2021ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. മരങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച തുളസി ഗൗഡയെ രാജ്യം ആദരവോടെ വൃക്ഷ മാതാ എന്നാണ് വിളിച്ചിരുന്നത്. ഹാലാക്കി ഗോത്രത്തിലെ അംഗമാണ് തുളസി ഗൗഡ.
ഉത്തര കര്‍ണാടകയിലെ അങ്കോള താലൂക്കിലെ ഹൊന്നാലി ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 2021ല്‍ പദ്മശ്രീ നേടുമ്പോഴും തന്റെ ഗോത്രത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ച് നഗ്നപാദയായി തുളസി പുരസ്കാരമേറ്റുവാങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു ലക്ഷത്തിലേറെ മരങ്ങള്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന തുളസി ഇതില്‍ മുപ്പതിനായിരത്തിലേറെ മരങ്ങള്‍ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചതാണ്. മരങ്ങളെയും മറ്റ് വനവിഭവങ്ങളേയും കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്ന തുളസിയെ വനവിജ്ഞാനകോശമെന്നും വിളിക്കാറുണ്ട്.
1944 ലാണ് തുളസിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും തുളസിക്ക് കാട് തന്നെയായിരുന്നു ഗുരു. 35 വര്‍ഷത്തോളം കൂലിപ്പണിയെടുത്താണ് അവര്‍ ജീവിച്ചിരുന്നത്. പിന്നീട് മരങ്ങളോടുള്ള തുളസിയുടെ സ്നേഹത്തെ കര്‍ണാടക വനംവകുപ്പ് തിരിച്ചറിയുകയും അംഗീകരിക്കുകയുമായിരുന്നു.