കൊച്ചി: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കോതമംഗലത്തും കുട്ടമ്പുഴയിലും ചൊവ്വാഴ്ച കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരമുണ്ടായ സംഭവത്തിൽ കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് (40) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വൻ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ വന്ന ആംബുലൻസ് പ്രതിഷേധക്കാർ തിരിച്ചയച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ നിർദേശം നൽകിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.