കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമത്തിൽ സർക്കാരിന് തിരിച്ചടി. താത്കാലിക വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.
വിസി നിയമനത്തിൽ ചട്ട വിരുദ്ധമായ നടപടികളുണ്ടായെന്നും അടിയന്തര സ്റ്റേ വേണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല. വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ ആകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം നിരസിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രത്യേക ദൂതൻ വഴി ഡോ.കെ.ശിവപ്രസാദിന് നോട്ടീസ് അയച്ചു. നോട്ടീസിൽ മറുപടി ലഭിച്ചശേഷം കേസിൽ വിശദവാദം കേൾക്കും. സർക്കാർ പട്ടികയിൽ നിന്നും നിയമനം വേണമെന്ന സർവകലാശാല ചട്ടം ഗവർണർ ലംഘിച്ചെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം.
എന്നാൽ ഈ പാനലിൽ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു.
കെടിയു വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതോടെയാണ് ഡോ.കെ.ശിവപ്രസാദിന് ചുമതല നൽകിയത്.
കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ.ഷാലിജ്, ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സർക്കാർ നൽകിയിരുന്നത്.