തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നീട് പ്രതിശ്രുതവരൻ ജെൻസണും അപകടത്തിൽ മരിച്ചു.
ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം. ഒറ്റപ്പെട്ടു പോയ ശ്രുതി തനിച്ചാകില്ലെന്നും സർക്കാർ ചേര്ത്തു പിടിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പു നൽകിയിരുന്നു.