മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയെടുത്ത കേസിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്.
ആസൂത്രിതമായി നടത്തിയ കവര്‍ച്ചയില്‍ ഉൾപ്പെട്ട 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്ന് പോലീസ് പറഞ്ഞു.
2.2 കിലോ സ്വർണ്ണവും, സ്വർണം വിറ്റുകിട്ടിയ പണവും പോലീസ് കണ്ടെടുത്തു. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നപ്പോൾ കാർ ഓടിച്ചത് അർജുനായിരുന്നു. അപകടത്തിൽ അർജുന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.
ബാലഭാസ്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അതേസമയം ബാലഭാസ്കറിന്റെ മരണവുമായി ഈ കേസിന് ബന്ധമില്ലെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പറഞ്ഞു.