കൊച്ചി: ശബരിമലയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പോലീസ് ചെയ്യുന്നുണ്ട്. ഭക്തരുടെ സുരക്ഷിത തീർഥാടനത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ, പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത് മനഃപൂര്‍വമല്ലെങ്കില്‍പ്പോലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ബുധനാഴ്ച 74,463 പേർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സത്യവാംഗ്മൂലം സമർപ്പിച്ചു.
ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്നും ചട്ടങ്ങള്‍ ലംഘിച്ചാല്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എപി ക്യാമ്പിലെ 23 പോലീസുകാരാണ് നടയടച്ചശേഷം, ശ്രീകോവിലിന് പുറം തിരിഞ്ഞ് പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍ വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്.
ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പോലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. പോലീസുകാർക്ക് കണ്ണൂർ നാലാം ബറ്റാലിയനിൽ തീവ്രപരിശീലനത്തിന് അയച്ചു.