കണ്ണൂർ: പി.വി. അൻവറിനെതിരേ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
എഡിഎം നവീൻ ബാബുവിന്റെ മരണം, ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം എന്നിവയ്ക്കെല്ലാം പിന്നിൽ ശശി ആണെന്നായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്ട് അൻവർ പ്രസംഗിച്ചത്. ഈ ആരോപണങ്ങളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിൽ തലശേരിയിലുമായാണ് കേസ് ഫയൽ ചെയ്തത്.
അൻവറിനു പിന്നിൽ അധോലോക സംഘങ്ങളാണെന്ന് ശശി പ്രതികരിച്ചു. അൻവർ നിരന്തരമായി ആരോപണമുന്നയിക്കുന്പോൾ ലക്ഷ്യം വയ്ക്കുന്നത് തന്നെയല്ല മുഖ്യമന്ത്രിയെയാണെന്നും ശശി ആരോപിച്ചു.
സ്വർണക്കടത്ത്, ലൈംഗികാതിക്രമം, ആർഎസ്എസ് ബന്ധം തുടങ്ങി പല സമയങ്ങളിലായി പി. ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതോടെയാണ് അൻവറിനെതിരെ ശശി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.