കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ പണം ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം.ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തിൽനിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടികൾ വൈകുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ ഉൾപ്പെടെ കേന്ദ്രം പണം ആവശ്യപ്പെട്ടെന്നും എജി കോടതിയെ അറിയിച്ചു. കേന്ദ്രം കുടുതൽ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതിയും ചോദിച്ചു.
വയനാടിനു പണം നൽകിയില്ല എന്ന കാര്യത്തിൽ നിലപാട് പറയുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ എഎസ്ജി പറഞ്ഞു. ഈ മാസം അവസാനത്തോടെ എത്ര പണം നൽകുമെന്ന കാര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കുമെന്നും എഎസ്ജി കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പ്രകാരം വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
കേരളത്തിന്റെ ദുരന്തനിവാരണ നിധിയിലേക്ക് അർഹമായ വിഹിതം നൽകിയിട്ടുണ്ടെന്നും അതിനാൽ പ്രത്യേക കേന്ദ്രസഹായം ഉണ്ടായേക്കില്ലെന്ന സൂചനയും കേന്ദ്രം നൽകിയ കത്തിലുണ്ട്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലകളിലുണ്ടായ വൻ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രഫ. കെ.വി. തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
പ്രളയവും ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ നിധികളുടെ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്ന് മന്ത്രി റായ് അറിയിച്ചു.