തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്ലറ്റിക്സ് കിരീടം മലപ്പുറത്തിന്. 22 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിന്റെ നേട്ടം.
മൂന്ന് ഫൈനല്‍ ബാക്കി നില്‍ക്കെ 233 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 191 പോയിന്റാണുള്ളത്.
ഇനിയുള്ള എല്ലാ മത്സരത്തിലും സ്വര്‍ണം നേടിയാലും പാലക്കാടിന് ഒന്നാമതെത്താന്‍ കഴിയില്ല. അതേസമയം 1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാര്.
ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്. വൈകിട്ട് നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി യോഗത്തിന് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്, നടന് വിനായകന് എന്നിവര്‍ വിശിഷ്ടാതിഥികളാവും.
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു.
സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന കലാവിരുന്നും അത്ലറ്റിക് പരേഡും നടക്കും.