ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസെടുത്തു പുറത്തായി. ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഈ മത്സരത്തോടെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം സഞ്ജു സാംസൺ കുറിച്ചു. സഞ്ജു 50 പന്തിൽ 107 റൺസെടുത്തു. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
22 പന്തിൽ 25 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ജെറാൾഡ് കോട്സീ (11 പന്തിൽ 23) റയാൻ റിക്കിൾട്ടൻ (11 പന്തിൽ 21), ഡേവിഡ് മില്ലർ (22 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസിലെത്തിയത്. അഭിഷേക് ശർമയെ (ഏഴ്) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. എൻകാബയോംസി പീറ്ററിന്റെ പതിനാറാം ഓവറിലെ നാലാം പന്തിൽ സിക്സറിനു ശ്രമിച്ചാണു സഞ്ജു പുറത്തായത്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (21), തിലക് വർമ (33) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
റിങ്കു സിംഗ് (ഒൻപതു പന്തിൽ 11) അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ രണ്ട്), അർഷ്ദീപ് സിംഗ് (നാലു പന്തിൽ അഞ്ച്), രവി ബിഷ്ണോയി (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.