ബംഗുളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നും നീക്കം ചെയ്യുന്നത് വരെ വിശ്രമമില്ലെന്നും അവസാന ശ്വാസം വരെ രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ദേവഗൗഡ പ്രശംസിച്ചു. എന്നാൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ തന്റെ മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ പണത്തിന്റെ ബലം ഉപയോഗിച്ച് തോൽപ്പിക്കാൻ ശിവകുമാർ ശ്രമിച്ചുവെന്ന് ദേവഗൗഡ ആരോപിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാർ വാൽമീകി സമുദായത്തിന്റെ പണം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.