തിരുവനന്തപുരം: വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി സർക്കാരിന് കൈമാറും. സംഭവത്തിൽ ഗോപാലകൃഷ്ണനെതിരേ നടപടിക്ക് സാധ്യതയുണ്ട്.
കെ. ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയിരുന്നു.
കെ. ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന വാട്സാപ്പ്, ഗൂഗിൾ, ഫോറൻസിക് ലാബിലെ പരിശോധനാ ഫലം അടക്കമുള്ള റിപ്പോർട്ടുകൾ സഹിതമാണ് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ റിപ്പോർട്ട് നൽകിയത്.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഫോണ് ഹാക്ക് ചെയ്തുവെന്ന ആരോപണം നിഷേധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പിന്നീട് ഫോറൻസിക് ലാബിലെ പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല.