ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നേറുന്ന ഡോണള്‍ഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ചരിത്ര വിജയത്തിൽ ഹൃദ്യമായ അഭിനന്ദനങ്ങള്‍ സുഹൃത്തെ' എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. ഇന്ത്യ - അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.
ഇരുരാജ്യത്തേയും ജനങ്ങളുടെ പുരോഗതി, സമാധാനം, സ്ഥിരതയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാമെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ട്രംപിനൊപ്പമുള്ള നിരവധി ചിത്രങ്ങളും മോദി എക്സില്‍ പങ്കുവച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ചപ്രകടനമാണ് ട്രംപ് കാഴ്ചവെച്ചത്. ഫ്ലോറിഡയില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത ട്രംപ് "ഇത് അമേരിക്കന്‍ ജനതയുടെ മഹത്തായ വിജയമാണ്' എന്നാണ് അഭിപ്രായപ്പെട്ടത്.
വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. തിങ്ങി നിറഞ്ഞ വേദിയില്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ ട്രംപിനെ സ്വാഗതം ചെയ്തത്.