തിരുവനന്തപുരം: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് നടക്കും. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്നതാണ് ദൗത്യം.
രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരിക്കും ഉപഗ്രഹങ്ങൾ കൂടിച്ചേരുക. ഉപഗ്രഹങ്ങൾ കൂടിച്ചേരുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ തത്സമയമായി സംപ്രേക്ഷണംചെയ്യും.
ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. വിക്ഷേപണം നടന്ന അന്ന് തന്നെ കൂടിച്ചേരൽ ജനുവരി ഏഴിന് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 30ന് പിഎസ്എൽവി സി 60 ദൗത്യത്തിലാണ് ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ.