കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ. ഇയാൾ ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഘപ്പെടുത്തിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് നിഗോഷ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
അതിനിടെ മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ബുധനാഴ്ച കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.
അമേരിക്കയില്‍ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയിലാണ് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷന് സംഘാടകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മൊഴിയെടുക്കാന്‍ ദിവ്യ ഉണ്ണിയെ വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.