കൊച്ചി: മുനമ്പത്തു നിന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ.എം.കെ.സക്കീര്‍. മുനമ്പം ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കും. വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ. വഖഫിന്റെ പ്രവര്‍ത്തനത്തിന് നിയമമുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
1950 ലെ വഖഫ് ആധാരത്തില്‍ വരുന്ന 400 ല്‍പരം ഭൂമിയാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വസ്തു. വഖഫ് ആയിക്കഴിഞ്ഞാല്‍ ഈ വസ്തു സംരക്ഷിക്കാനുള്ള ചുമതല ബോർഡിനുണ്ട്. ഇത് നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അതുപ്രകാരമുള്ള പ്രവൃത്തികളാണ് വഖഫ് ചെയ്യുന്നത്. ഇത്തരത്തിൽ ഏതെല്ലാം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു പരിശോധിച്ചിട്ടുള്ള നടപടികളാണ് നടത്തുന്നത്.
വസ്തു ഫറൂഖ് കോളജിന്റെ പേരിലാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയും മതം അനുശാസിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും അതിന്റെ വരുമാനം ഉപയോഗിക്കണം. എന്ന രൂപത്തിലാണ് വഖഫ് ചെയ്തിട്ടുള്ളത്. ഇതിനകത്ത് 1962 ല്‍ പറവൂര്‍ സബ് കോടതി മുതലുള്ള കേസുകളുണ്ട്. ആ കാലഘട്ടത്തില്‍ ഏതാണ്ട് ആറോ ഏഴോ കുടിയാന്മാര് അവിടെ താമസിച്ചിരുന്നു.
12 വീട്ടുകാര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് അവരുടെ വാദം ഉന്നയിക്കാന്‍ അനുവാദമുണ്ട്. അവര്‍ക്ക് രേഖകള്‍ ഹാജരാക്കാം. ബാക്കിയുള്ളവര്‍ക്കും അപേക്ഷകള്‍ നല്‍കാവുന്നതാണ്. കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ആ 12 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചൊവ്വാഴ്ചത്തെ ബോര്‍ഡ് യോഗത്തില്‍ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യില്ലെന്നും എം.കെ.സക്കീര്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിശോധനയുടെ അന്തിമ ഫലം എന്താണോ അതിനനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്നും എം.കെ.സക്കീര്‍ പറഞ്ഞു.