പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്.
പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഹോട്ടലിൽ പണം എത്തിച്ചത് കോൺഗ്രസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഹോട്ടലിലുണ്ട്.
അനധികൃത പണം എത്തിച്ചതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12ഓടെ പരിശോധനയ്ക്കെത്തിയതെന്നാണ് വിവരം. ഇതിനിടെ, കോൺഗ്രസ്, സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഹോട്ടലിനുള്ളില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം മുറിയിലേക്ക് അതിക്രമിച്ചുകയറിയതെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചു. സ്ത്രീകളെ പോലീസ് അപമാനിച്ചെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. അതേസമയം, ഹോട്ടലിലെ എല്ലാമുറികളും പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യുവമോർച്ച പ്രവർത്തകരും ഇവിടെ സംഘടിച്ചെത്തിയിട്ടുണ്ട്.