വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ വോട്ടുരേഖപ്പെടുത്തി.
ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിംഗ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വോട്ടു രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസ് നേരത്തെ തപാൽ വോട്ടു ചെയ്തിരുന്നു.
അതേസമയം, ജോർജിയ, മെയ്ൻ, നോർത്ത് കാരോളിന എന്നീ സംസ്ഥാനങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ജോർജിയയിലെ ഫുൾടൻ കൗണ്ടിയിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിലാണ് ആദ്യം സന്ദേശങ്ങളെത്തിയത്. ഇതേത്തുടർന്ന് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചു.
സന്ദേശങ്ങളുടെ ഉറവിടം റഷ്യയാണെന്ന് യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.