തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പ്രത്യേക അന്വേഷണ സംഘത്തിന് ടേംസ് ഓഫ് റഫറൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽകണ്ട് ഡബ്ല്യൂസിസി ഭാരവാഹികൾ. കമ്മീഷന് മുമ്പാകെ മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യത സംബന്ധിച്ച് ആശങ്കകൾ സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
ഇവർക്ക് നിയമസഹായവും കൗൺസിലിംഗും നൽകാനുള്ള സാധ്യതകൾ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും ഡബ്ല്യൂസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.
സിനിമാ നയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യൂസിസി തയാറാക്കിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി. സംവിധായികമാർക്ക് നൽകി വരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗരേഖ ഉണ്ടാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.
ഫിലിം സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസഷനോ സ്കോളർഷിപ്പോ നൽകണം. തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയും ഇത്തരം ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും അംഗങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഡബ്ല്യൂസിസി ഭാരവാഹികൾ അറിയിച്ചു.