രാജ്കോട്ട്: അയർലൻഡിനെതിരായ പരന്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ത്രസിപ്പിക്കുന്ന ജയം. 304 റണ്‍സിനാണ് ഇന്ത്യ അയർലൻഡിനെ കീഴടക്കിയത്. സ്കോർ: ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചിന് 435. അയർലൻഡ് 31.4 ഓവറിൽ 131ന് ഓൾഔട്ട്.
പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിനായി സാറാ ഫോർബ്സ് മാത്രമാണ് പ്രതിരോധം തീർത്തത്. 44 പന്തുകൾ നേരിട്ട സാറാ 41 റണ്‍സെടുത്തു. ഓർല പ്രെൻഡർഗാസ്റ്റ് 36 റണ്‍സും നേടി. ലോറ ഡെലാനി പത്ത് റണ്‍സും ലിയ പോൾ 15 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനുജ കൻവാർ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റൻ സ്മൃതി മന്ഥാനയും കന്നി സെഞ്ചുറി നേടിയ ഓപ്പണർ പ്രതിക റാവലുമാണ് വന്പൻ സ്കോർ സമ്മാനിച്ചത്. 129 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമടക്കം 154 റണ്‍സെടുത്ത പ്രതികയാണ് ടോപ് സ്കോറർ.
അതേസമയം, 80 പന്തിൽ 12 ബൗണ്ടറികളും ഏഴു പടുകൂറ്റൻ സിക്സറുമുൾപ്പെടെ 135 റണ്‍സെടുത്ത സ്മൃതി മന്ഥാന ഒരുപിടി നേട്ടങ്ങളും സ്വന്തം പേരിലാക്കി. പത്താം സെഞ്ചുറിയുമായി വനിതാ ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യൻ ക്യാപ്റ്റൻ.
126 മത്സരങ്ങളിൽ 10 സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ടിൻറെ ബ്യൂമോണ്ടിനൊപ്പാണ് താരം. 103 മത്സരങ്ങളിൽ 15 സെഞ്ചുറികൾ നേടിയിട്ടുള്ള ഓസീസ് താരം മെഗ് ലാന്നിംഗാണ് ഒന്നാമത്. 168 മത്സരങ്ങളിൽ 13 സെഞ്ചുറിയുമായി ന്യൂസിലൻഡ് താരം സൂസി ബേറ്റ്സ് ആണ് രണ്ടാമത്.
ഇന്ന് 70 പന്തിലാണ് സ്മൃതി സെഞ്ചുറി പൂർത്തിയാക്കിയത്. വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും താരം സ്വന്തം പേരിലാക്കി. 87 പന്തിൽ സെഞ്ചുറി നേടിയ ഹർമൻപ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്.
രാജ്കോട്ടിൽ പ്രതികയ്ക്കൊപ്പം ഒന്നാംവിക്കറ്റിൽ 233 റണ്‍സാണ് സ്മൃതി കൂട്ടിച്ചേർത്തത്. 27ാം ഓവറിലാണ് ഈ കൂട്ടുകെട്ട് അവസാനിക്കുന്നത്. പിന്നാലെ ക്രീസിലെത്തിയ റിച്ച ഘോഷ് സ്കോറിംഗ് വേഗം താഴാതെ കാത്തു. 42 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്.
തേജൽ ഹസബ്നിസ് (28), ഹർലീൻ ഡിയോൾ (15) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ ജെമീമ റോഡ്രിഗസ് (നാല്), ദീപ്തി ശർമ (11) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനു വേണ്ടി ഒർല പ്രെൻഡർഗസ്റ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അർലീൻ കെല്ലി, ഫ്രേയ സാർജൻറ്, ജോർജിന ഡെംപ്സി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരന്പര തൂത്തുവാരി.