തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.
പി.വി.അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. ലഹരി മരുന്ന് കൈവശം വെച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി മരിച്ചത്. കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍സാഫ് ടീം താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.