തിരുവനന്തപുരം: ആര്‍എസ്എസുമായി ഡീലുണ്ടാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടാൽ പോരെ.
കേരളത്തില്‍ ഇടത് മുന്നണിയെ നിര്‍ജ്ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചാരണം. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിര്‍മിച്ച് നല്കുന്ന 11 വീടുകളുടെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോളും സിപിഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വെച്ച് സിപിഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് തന്നെ വിമർശിക്കാനാണ്.
സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പി.വി.അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും. സംസ്ഥാനത്ത് തുടര്‍ഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു.