ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പിന്റെ തലവനും വ്യവസായ പ്രമുഖനുമായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ(87) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഹിന്ദുജ ഗ്രൂപ്പിന്റെ പ്രധാന ഓഹരിയുടമകളായ ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവരുടെ മൂത്ത സഹോദരനായ ശ്രീചന്ദ് ആണ് പതിറ്റാണ്ടുകളായി കമ്പനിയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നത്.
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിതാവ് പി.ഡി. ഹിന്ദുജയ്ക്കൊപ്പം 1950-കൾ മുതൽ എസ്.പി. ഹിന്ദുജ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് പൗരനായ എസ്.പി. ഹിന്ദുജ ബോഫേഴ്സ് ആയുധ അഴിമതിക്കേസിൽ കുറ്റാരോപിതനായിരുന്നു.
ഇന്ത്യൻ സർക്കാരിൽ നിന്ന് ബോഫോഴ്സ് കമ്പനിക്ക് കരാർ നേടി നൽകാനായി 81 മില്യൺ സ്വീഡിഷ് ക്രോണ കൈക്കൂലി വാങ്ങിയെന്നായിരുന്നു എസ്.പി. ഹിന്ദുജയ്ക്കെതിരായ ആരോപണം. ഈ കേസിൽ ഹിന്ദുജയെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.