ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കി.
2023 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപടി. ക്ഷാമബത്തയ്ക്ക് പുറമേ പെൻഷൻകാർക്ക് ഡിയർനസ് റിലീഫ് ഇനത്തിൽ അധിക തുക അനുവദിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവ നൽകുന്നതിന് പ്രതിവർഷം 12,815.60 കോടി രൂപ ചിലവാകുമെന്നും 47.58 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഏഴാമത് കേന്ദ്ര ശന്പള കമ്മീഷന്റെ ശിപാർശകളെ അടിസ്ഥാനമാക്കിയാണ് വർധനവ്.