തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കും
1467823
Saturday, November 9, 2024 7:51 AM IST
കൊടുങ്ങല്ലൂർ: നഗരസഭ അതിർത്തിയിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾക്കായി ഷെൽട്ടറുകൾ ഒരുക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭാ കൗൺസിൽയോഗം തീരുമാനിച്ചു.
നഗരസഭയ്ക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്ഥലം വാടകയ്ക്കെടുത്തു ഷെൽട്ടർ ആരംഭിക്കും. പുല്ലൂറ്റ് കെടിഎം കോളജിന്റെ പരിസര പ്രദേശങ്ങളിലുള്ള ഹോം സ്റ്റേ ഉടമസ്ഥരുടെ യോഗം ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിളിക്കും. ഈ യോഗത്തിൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, കോളജ് അധികൃതർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ എന്നിവരെകൂടി പങ്കെടുപ്പിക്കും.
പ്രദേശത്ത് താമസിക്കുന്നവരിൽനിന്നു ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗംചേരുന്നത്. കൗൺസിലർമാരായ പി.എൻ. വിനയചന്ദ്രൻ, കെ. നന്ദകുമാർ എന്നിവരാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. നഗരസഭാ അഞ്ചാംവാർഡിൽ വടക്കേനടയിൽ സിവിൽ സ്റ്റേഷന്റെ സമീപത്തുള്ള ബസ്സ്റ്റോപ്പിനോടുചേർന്നു വാട്ടർ എടിഎം സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസിയായ കെയ്കോ സമർപ്പിച്ച 4,96,000 രൂപയുടെ എസ്റ്റിമേറ്റ് കൗൺസിൽ അംഗീകരിച്ചു.
നിർമാണം ഉടനെ ആരംഭിക്കുന്നതിന് കത്തുനൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭയിലെ നിലവിലുള്ള കെട്ടിടനിർമാണ പെർമിറ്റ്ഫീസ്, അപേക്ഷ ഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് സർക്കാർ കുറവുവരുത്തിയ സാഹചര്യത്തിൽ നേരത്തെ ഈടാക്കിയ അധികതുക തിരിച്ചുനൽകാനും കൗൺസിൽ തീരുമാനിച്ചു. കൂടാതെ വസ്തുനികുതി പരിഷ്കരണം പൂർത്തിയാക്കി ഡിമാൻഡ് നോട്ടീസ് നൽകിയ കാലയളവിന് മുമ്പുള്ള പിഴപ്പലിശ ഒഴിവാക്കാനും നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിട ഉടമകൾ അടയ്ക്കേണ്ട നികുതി കുടിശിക ഉടമകൾ ആവശ്യപ്പെടുന്നപക്ഷം ഗഡുക്കൾ ആയി ഒടുക്കുന്നതിനും കൗൺസിൽ അനുമതിനൽകി. ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷതവഹിച്ചു.
വൈസ് ചെയർമാൻ വി.എസ്. ദിനൽ, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.