കേന്ദ്ര-കേരള സർക്കാരുകൾ ചേട്ടൻ ബാവയും അനിയൻ ബാവയുമെന്നു വി.ഡി. സതീശൻ
1467814
Saturday, November 9, 2024 7:51 AM IST
എരുമപ്പെട്ടി: ജനദ്രോഹനയങ്ങളിൽ കേന്ദ്ര - കേരള സർക്കാരുകൾ ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചേലക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പുപ്രചാരണാർഥം വരവൂർ തളിയിൽ യുഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ശത്രുക്കളാക്കി പോരടിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തി അധികാരം പിടിച്ചെടുക്കുക എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നയം. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്നതും കർഷകർ പ്രതിസന്ധിയിലായതും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ്. തൊഴിലുറപ്പുപദ്ധതി തകർക്കുവാൻ കേന്ദ്രം ശ്രമിക്കുന്നു. രാജ്യത്തുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. പണം കോർപറേറ്റ് മുതലാളിമാരുടെ അലമാരയിൽ നിറഞ്ഞുകവിയുകയാണ്.
സംസ്ഥാനസർക്കാരിന്റെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്. സംസ്ഥാനത്തു രൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്നു. സപ്ലൈകോ വൻപരാജയമാണ്. 4000 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്കു കൊടുക്കുവാനുള്ളത്. ഈ വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസാക്ഷിക്കോടതിയിൽ കേന്ദ്ര -കേരള സർക്കാരുകളെ വിചാരണചെയ്യുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരയാലുക്കൽ മുസ്തഫ അധ്യക്ഷനായി. വടകര എംഎൽഎ കെ.കെ. രമ, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ഫൈസൽ ബാബു, ലീഗ് വരവൂർ മണ്ഡലം പ്രസിഡന്റ് അയൂബ്, വാർഡ് മെമ്പർ ബീവാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.