വാടാനപ്പിള്ളിയിൽ കള്ളക്കടൽ; കടൽഭിത്തിനിർമാണം വേഗത്തിലാക്കും
1467811
Saturday, November 9, 2024 7:51 AM IST
വാടാനപ്പിള്ളി: പഞ്ചായത്തിലെ കള്ളക്കടൽ പ്രതിഭാസം രൂക്ഷമായ സാഹചര്യത്തിൽ തീരശോഷണവും നാശനഷ്ടങ്ങളും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വാടാനപ്പിള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം സന്ദർശനം നടത്തി. ഇതിന്റെ തുടർച്ചയായി പഞ്ചായത്തിലെ കടൽഭിത്തിനിർമാണം, കുടിവെള്ളക്ഷാമം, വൈദ്യുതവിതരണതടസം എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യുന്നതിനായി കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.
പഞ്ചായത്തിലെ ഒന്നാംവാർഡിലെ തീരശോഷണത്തിനുള്ള താൽക്കാലിക പരിഹാരമായി ഭരണാനുമതി ലഭിച്ച 35 ലക്ഷം രൂപയുടെ റബിൾ മൗണ്ട്വാൾ നിർമാണപ്രവൃത്തികൾ അടുത്ത ആഴ്ച തുടങ്ങുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കളക്ടർ നിർദ്ദേശം നൽകി. 18-ാം വാർഡിലെ തീരദേശ സംരക്ഷണത്തിനായി 40 ലക്ഷം രൂപയുടെ താൽക്കാലിക കടൽഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കാനും 450 മീറ്റർ നീളമുള്ള കടൽഭിത്തി നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്തിലെ ഒന്ന്, 17, 18 വാർഡുകൾ തീരദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുന്നതിനായി സർക്കാരിലേക്കു സമർപ്പിച്ച പ്രപ്പോസലിലും തുടർനടപടികൾ വേഗത്തിലാക്കാൻ ഇറിഗേഷൻ വിഭാഗത്തിനു നിർദേശം നൽകി.
യോഗത്തിൽ വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ കെ. ശാന്തകുമാരി, അഡീഷണൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.