പീച്ചി ഗവ. ആശുപത്രിയിൽ ഡോക്ടർ ഇല്ല; രോഗികൾ വലയുന്നു
1467488
Friday, November 8, 2024 6:46 AM IST
പട്ടിക്കാട്: പീച്ചി ഗവ. ആശുപത്രിയിൽ ചികിത്സിക്കാൻ ഡോക്ടർ ഇല്ലാതായതോടെ നിരാശരായി മടങ്ങുകയാണ് രോഗികൾ. നിലവിലെ ഡോക്ടർ രണ്ടുമാസത്തെ ലീവ് എടുത്തതോടെയാണ് ഡോക്ടറുടെ സേവനം ലഭിക്കാതെ രോഗികൾ വലയാൻ തുടങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒപി സേവനം ലഭ്യമാണെന്ന് അറിയിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടർ സ്ഥലത്തെത്താറില്ല. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഫാർമസിസ്റ്റ് മരുന്ന് നൽകി പറഞ്ഞുവിടുന്ന പതിവാണ് നിലവിലുള്ളതെന്ന് പീച്ചി വാർഡ് മെമ്പർ ബാബു തോമസ് പറഞ്ഞു.
വിലങ്ങന്നൂർ, പീച്ചി, ചെന്നായ്പ്പാറ വെള്ളക്കാരിത്തടം എന്നീ പ്രദേശങ്ങളിലെയും താമരവെള്ളച്ചാൽ കോളനി ഉൾപ്പെടുന്ന ആദിവാസി മേഖലയിലെയും ജനങ്ങൾ ആശ്രയിക്കുന്നത് പീച്ചി ഗവൺമെന്റ് ആശുപത്രിയെയാണ്. എന്നാൽ ദീർഘദൂരം യാത്ര ചെയ്തു ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർ സ്ഥലത്തില്ലാതെ വരുന്നതാണ് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്.
ഈ വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് വൈദ്യസഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.