തൃശൂർ പൂരം വിവാദം: ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും
1467481
Friday, November 8, 2024 6:46 AM IST
തൃശൂർ: തൃശൂർ പൂരം വിവാദത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പ്രമേയം നൽകാൻ കൗണ്‍സിൽ ഐകകണ്ഠ്യേന തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. കോർപറേഷൻ കൗണ്‍സിൽ യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ഇതേവിഷയത്തിൽ നാടാകെ ദിവസവും ചർച്ചകൾ നടക്കുന്പോൾ തൃശൂർ കോർപറേഷനിൽ മാത്രം ഒരുചർച്ചയും നടന്നിട്ടില്ലെന്നും പൂരത്തിന് കൂടുതൽ ഫണ്ടും മറ്റുസഹായങ്ങളും നൽകുന്ന കോർപറേഷന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. ജുഡീഷൽ അന്വേഷണം വേണമെന്ന് ബിജെപി കൗണ്‍സിലർ പ്രസാദും ആവശ്യപ്പെട്ടു.
അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നിട്ടും എൽഡിഎഫ് ഒരക്ഷരവും മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ജയപ്രകാശ് പൂവത്തിങ്കൽ വിമർശനം ഉന്നയിച്ചതോടെ പൂരം കലക്കിയതാരാണെന്ന് എല്ലാവർക്കുമറിയാമെന്നും എൽഡിഎഫ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആരും അത് കുത്തിയിളക്കാൻ വരേണ്ടെന്നും ഭരണമുന്നണി കൗണ്‍സിലർ രാജശ്രീ ഗോപൻ പ്രതികരിച്ചു. വിഷയത്തിനുള്ള നിലപാട് തങ്ങളുടെ പാർട്ടിനേതാക്കളും മുൻമന്ത്രികൂടിയായ അഡ്വ. വി.എസ്. സുനിൽകുമാറും വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞ സിപെിഎ കൗണ്‍സിലർ സാറാമ്മ റോബ്സണ് അടുത്ത പരവും വെടിക്കെട്ടും നടക്കുമോ എന്നാണ് ആദ്യം ചിന്തിക്കേണ്ടതെന്നും പറഞ്ഞു.
റോഡിന്റെ ശോച്യാവസ്ഥയും തെരുവുനായശല്യവും പതിവുപോലെ ചർച്ചയ്ക്കുവന്നിട്ടും പറയുന്നവർക്കും കേൾക്കുന്നവർക്കും ഒരു നാണവുമില്ലാത്ത അവസ്ഥയായെന്നും പരിഹാര നടപടികൾ മാത്രം ഇല്ലെന്നും പ്രതിപക്ഷ കൗണ്‍സിലർ ജോണ്‍ ഡാനിയൽ പറഞ്ഞു.
തുടക്കം തന്നെ പ്രതിഷേധം
ചർച്ചയ്ക്ക് ഒരുമണിക്കൂർ മാത്രമേ അനുവദി്കുകയുള്ളുവെന്ന മേയർ എം.കെ. വർഗീസിന്റെ നിർദേശത്തിനെതിരെ കൗണ്‍സിൽയോഗം തുടങ്ങുംമുൻപേ പ്രതിഷേധം അറിയിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷ കൗണ്‍സിലറുമായ മുകേഷ് കൂളപ്പറന്പിൽ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു മണിക്കൂർ കഴിഞ്ഞാൽ ചർച്ച അവസാനിപ്പിക്കുമെന്നും, അനാവശ്യചർച്ചകൾ ഒഴിവാക്കാൻ പ്രതിപക്ഷ നേതാവിന് ഉത്തരവാദിത്വമുണ്ടെന്നും മേയർ വ്യക്തമാക്കി.
ഫണ്ടിനെച്ചൊല്ലിയും തർക്കം
റോഡ് നിർമാണത്തിന് മുൻകാലങ്ങളിൽ എല്ലാവർക്കും തുല്യമായ ഫണ്ടാണ് അനുവദിച്ചിരുന്നതെങ്കിൽ ഇപ്പോൾ പാർട്ടിയുടെ കൊടിനോക്കിയാണ് ഫണ്ട് അനുവദിക്കുന്നതെന്നും അതിൽ ഭരണമുന്നണിയ്ക്കാണ് കൂടുതൽ ഫണ്ട് ലഭിക്കുന്നതുമെന്ന പ്രതിപക്ഷ കൗണ്‍സിലർ ജയപ്രകാശ് പൂവത്തിങ്കലിന്റെ പരാമർശത്തെ ഭരണപക്ഷത്തെ വനിതാ കൗണ്‍സിലർമാർ ഒറ്റക്കെട്ടായി എതിർത്തതോടെ കൗണ്‍സിൽ ഹാൾ ബഹളമായായി. എന്നാൽ ഒരു ബസ് പോലുമില്ലാത്തറോഡിൽവരെ ബിഎംബിസി റോഡ് നിർമിക്കുന്നത് എന്തിനാണെന്നു ജയപ്രകാശ് ചോദ്യം ഉന്നയിച്ചതോടെ നിങ്ങൾക്കും തന്നിട്ടില്ലേ പിന്നെ എന്താണ് ബഹളമെന്നും ഇരിക്കണമെന്നും മേയർ രൂക്ഷമായി പ്രതികരിച്ചു.
ഷീ ലോഡ്ജിനെതിരെ മേഫി ഡെൽസണ്‍
അയ്യന്തോൾ ഷീ ലോഡ്ജിൽ വിദ്യാർഥിനിക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ പ്രതിപക്ഷ കൗണ്‍സിലർ മേഫി ഡെൽസണ്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീസുരക്ഷ മുൻനിർത്തി കോർപറേഷൻ അയ്യന്തോളിൽ ആരംഭിച്ച ഷീ ലോഡ്ജിൽ പിഎസ്സി കോച്ചിംഗ് വിദ്യാർഥിനിക്കാണു പ്രവേശനം നിഷേധിച്ചത്. വിദ്യാർഥിനികൾക്ക് പ്രവേശനം നൽകില്ലെന്നും അവർ രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിയിച്ച് പഠിക്കാൻ ഇരിക്കുന്നുവെന്നുമാണ് ലോഡ്ജ് മേട്രൺ പരാതിയായി പറയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കത്ത് നല്കാൻ മേയർ മേഫിയോട് ആവശ്യപ്പെട്ടു.
കൗണ്‍സിലർമാരോട് സിനിമ കാണാൻ മേയർ
ജോജു ജോർജ് സംവിധായക കുപ്പായമണിഞ്ഞ പണി എന്ന സിനിമ കാണണമെന്ന് കൗണ്‍സിലർമാർക്ക് മേയറുടെ നിർദേശം. എൽഡിഎഫ് കൗണ്‍സിലർ സജിത ഷിജു പണി സിനിമയിൽ തൃശൂരിന്റെ വികസനമുഖങ്ങൾ കാണാൻ കഴിയുമെന്ന് പറഞ്ഞതോടെയാണ് പണി ഒന്നൊന്നര സിനിമയാണെന്നും എല്ലാ കൗണ്‍സിലർമാർ അതുകാണണമെന്നും മേയർ നിർദേശം നൽകിയത്.
പണിമുടക്കു തുടർന്ന് മൈക്കുകൾ
മേയർ എം.കെ.വർഗീസ് ഭരണത്തിൽ വന്നതിനുശേഷം പുനർനിർമിച്ച കൗണ്‍സിൽ ഹാളിൽ മൈക്കുകളുടെ പണിമുടക്ക് തുടരുന്നു. എല്ലാ കൗണ്‍സിലർമാർക്ക് മുൻപിലും മികച്ച നിലവാരമുള്ള മൈക്കുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും കൗണ്‍സിൽ ഹാളിൽ ഭൂരിഭാഗം മൈക്കുകളും ഇപ്പോഴും മൗനത്തിലാണ്. എന്നാൽ അവയുടെ തകരാർ പരിഹരിക്കാതെ വയർലെസ് മൈക്കുകൾ കൈമാറിയാണ് ഇപ്പോൾ കൗണ്‍സിലർമാർ ചർച്ചയിൽ പങ്കെടുക്കുന്നത്. എന്നാൽ ഇന്നലെനടന്ന ചർച്ചയിൽ വയർലെസ് മൈക്കുകളും പലപ്പോഴായും പണിമുടക്കി.
വസ്തുനികുതി: ഒറ്റത്തവണയിൽ അഞ്ചുശതമാനം ഇളവ്
തൃശൂർ: എംജി റോഡ് വികസനം മുരടിപ്പിച്ച കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ടെൻഡർ കാന്‍സല്‍ ചെയ്യാനും വികസനപ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കാനും കൗൺസിൽ തീരുമാനം.
കരാറുകാരനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഏഴുകോടി രൂപയുടെ വികസനമാണ് എംജി റോഡിൽ വിഭാവനം ചെയ്തിരുന്നത്. 2025-26ലെ വസ്തുനികുതി 2025 ഏപ്രില്‍ 30നകം ഒറ്റത്തവണയായി അടയ്ക്കുന്ന നികുതിദായകര്‍ക്ക് അഞ്ചുശതമാനം ഇളവുനല്‍കും.
വൈദ്യുതി വിഭാഗത്തിലെ ആര്‍ഡിഎസ്എസ് പദ്ധതിയുടെ 176.492 കോടി രൂപയുടെ പദ്ധതിക്കു നിയമാനുസൃത ഗ്രാന്റ് കേന്ദ്രവിഹിതം 60 ശതമാനം കഴിച്ചുള്ള ബാക്കി 40 ശതമാനം തുക പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്നു വായ്പയെടുക്കും. കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കും. വിവിധ അങ്കണവാടികളിലേക്ക് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ കുടിവെള്ള കണക്ഷന് നല്‍കും. ഭവനമില്ലാത്ത അതിദരിദ്രര്‍ക്കു ഫ്ലാറ്റുകൾ നല്‍കും. 116 അജൻഡകളും ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്തതായും മേയർ എം.കെ. വർഗീസ് അറിയിച്ചു.