രാഷ്ട്രപുരോഗമനത്തിനു ജാഗ്രതയുള്ള പൗരസമൂഹം അനിവാര്യം: കേന്ദ്ര വിജിലൻസ് കമ്മീഷണർ
1467480
Friday, November 8, 2024 6:46 AM IST
തൃശൂർ: നിത്യജീവിതത്തിൽ സത്യസന്ധതയും ഐക്യവും നിലനിർത്തണമെന്നും സാമൂഹിക ജാഗ്രതയുള്ള പൗരസമൂഹത്തിനു മാത്രമേ രാഷ്ട്ര പുരോഗമനത്തിനു സംഭാവന നൽകാൻ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര വിജിലൻസ് കമ്മീഷണർ എ.എസ്. രാജീവ്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മണ്ണുത്തി യിൽ സംഘടിപ്പിച്ച വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര സമൃദ്ധിക്ക് സമഗ്രതയുടെ സംസ്കാരം എന്ന വിഷയത്തിലൂന്നിയാണ് ഒരാഴ്ച നീണ്ടുനിന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.
ഇസാഫിന്റെ രാജ്യത്തുടനീളമുള്ള ശാഖകളിലൂടെ വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി. ദേശീയതലത്തിൽ ക്വിസ് മത്സരം, ബോധവൽക്കരണ സെമിനാറുകൾ, വിവിധ പ്രോഗാമുകൾ എന്നിവയും സംഘടിപ്പിച്ചു. വിജിലന്റ് വാരിയേഴ്സിനെ ആദരിക്കുകയും ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് അവാർഡ് നൽകുകയും ചെയ്തു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, ഹരി വെള്ളൂർ, ഹേമന്ത് കുമാർ തംത, ബോസ്കോ ജോസഫ്, സി.പി. ഗിരീഷ്, വി. സുദേവ് കുമാർ, വിജിലൻസ് മേധാവി എം.സി. പോൾ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.