മണ്ണിന് ഉറപ്പില്ല; ആമ്പല്ലൂർ അടിപ്പാതയുടെ തൂണിനെടുത്ത കുഴി മൂടി
1467479
Friday, November 8, 2024 6:46 AM IST
ആമ്പല്ലൂർ: മണ്ണിന് ഉറപ്പില്ലെന്നു കണ്ടെത്തിയതോടെ ദേശീയപാതയിൽ ആമ്പല്ലൂർ അടിപ്പാതയുടെ ഘടനയിൽ മാറ്റംവരുത്താൻ ദേശീയപാത അഥോറിറ്റി തീരുമാനം. അടിപ്പാതയുടെ തൂണുകൾക്കായെടുത്ത കുഴികൾ മൂടിത്തുടങ്ങി. അടിപ്പാതയുടെ രൂപരേഖയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് കുഴികള്‍ മൂടുന്നത്. അടിത്തറയ്ക്ക് സ്ഥാനം പുനര്‍നിര്‍ണയിച്ച് ഒരാഴ്ചക്കുള്ളില്‍ പണി പുനരാരംഭിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
നേരത്തേ കുഴിയെടുത്ത ഭാഗത്ത് വൻതോതിൽ കളിമണ്ണ് കണ്ടതോടെയാണ് സ്കെച്ചിൽ മാറ്റംവരുത്താൻ തീരുമാനിച്ചത്. മണ്ണിന് പ്രതീക്ഷിച്ച ഉറപ്പില്ലാത്തതിനാല്‍ പാലത്തിന്റെ ഭാരം താങ്ങാനുള്ള ശേഷിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതോടെ നിലവിലെ രൂപരേഖ അനുസരിച്ച് നിര്‍മാണം നടത്താന്‍ കഴിയില്ലെന്ന സ്ഥിതിയായി. പുതിയ സ്കെച്ചിന് അംഗീകാരം ലഭിച്ചതായും പണി ഉടന്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചമുന്‍പേ രൂപരേഖ മാറ്റിവരയ്ക്കാന്‍ തീരുമാനമായിരുന്നു. അടിപ്പാതയുടെ പണി തുടങ്ങിയതുമുതൽ ദേശീയപാതയില്‍ ഗതാഗതക്കുരുക്കു രൂക്ഷമാണ്.