ചങ്ങനാശേരി:അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി എസ്എംവൈഎം നേതൃത്വം നല്കുന്ന 18-ാമത് നിരണം തീര്‍ഥാടനം ഇന്നു നടക്കും. രാവിലെ ഏഴിന് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയ്ക്കുശേഷം 8.30ന് കത്തീഡ്രല്‍ വികാരി റവ. ഡോ.ജോസ് കൊച്ചുപറമ്പില്‍ കത്തിച്ചതിരി അതിരൂപതാ പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയിക്കും യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ് ലിന്റാ ജോഷിക്കും കൈമാറി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.
അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടില്‍ക്കളം, സഞ്ജയ് സതീഷ്, ജോസഫ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ഇടിഞ്ഞില്ലം, വേങ്ങല്‍, കാവുംഭാഗം, പൊടിയാടിവഴി ഉച്ചക്ക് 1.30ന് തീര്‍ഥാടനം നിരണം സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ പ്രാര്‍ഥന അര്‍പ്പിച്ച് സന്ദേശം നല്‍കും. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടിക്കളം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ വിതരണം. അതിരൂപതയിലെ പതിനെട്ടു ഫൊറോനകളില്‍നിന്നായി ആയിരക്കണക്കിനു യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.