റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളിക്കെതിരെ ഇന്നലെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസവും ചര്‍ച്ചയ്ക്കു പോലും എടുക്കാനാകാത്ത സംഭവത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കാന്‍ യുഡിഎഫ്.
എന്നാല്‍, സ്വന്തം നിരയിലെ അംഗങ്ങളെപ്പോലും കൂടെനിര്ത്താനാകാതെ അവിശ്വാസം കൊണ്ടുവന്ന നടപടിയെ വിമര്‍ശിച്ച് എല്‍ഡിഎഫും ബിജെപിയും പ്രസിഡന്റ് ശോഭാ ചാര്‍ളിക്കെതിരെ കോണ്‍ഗ്രസിലെ നാലംഗങ്ങളും സ്വതന്ത്രാംഗവും ചേര്‍ന്നാണ് അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നത്.
സിപിഎം, ബിജെപി അംഗങ്ങളും അവിശ്വാസ നോട്ടീസില്‍ ഒപ്പിടാതിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സച്ചിന് വയലും യോഗത്തിനെത്തിയില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ശോഭാ ചാര്‍ളി അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഡിസംബറില്‍ പ്രസിഡന്റായത്.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് നാല്, കേരള കോണ്‍ഗ്രസ് ജോസഫ് ഒന്ന്, സ്വതന്ത്രന് ഒന്ന് ന്നിങ്ങനെയാണ് യുഡിഎഫ് പക്ഷം. എല്‍ഡിഎഫില്‍ സിപിഎം നാല്, കേരള കോണ്‍ഗ്രസ് എം ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ബിജെപിക്ക് രണ്ടംഗങ്ങളുണ്ട്.
കൂട്ടുകച്ചവടമെന്ന് യുഡിഎഫ്
സിപിഎം, ബിജെപി അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രസിഡന്റായ കേരളാ കോണ്‍ഗ്രസ് - എം അംഗത്തിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ ഇരുകക്ഷികളും വീണ്ടും യോജിച്ചതിലൂടെ കൂട്ടുകച്ചവടം ഒരിക്കല്‍കൂടി വെളിപ്പെട്ടതായി യുഡിഎഫ് മണ്ഡലം കമ്മിറ്റി.
പഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ സിപിഎമ്മും ബിജെപിയും വിട്ടുനിന്നതിലൂടെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം ബിജെപി അംഗങ്ങളെ പുറത്താക്കിയതും എല്‍ഡിഎഫ് നേതൃത്വം എല്‍ഡിഎഫില്‍ നിന്ന് ശോഭ ചാര്‍ളിയെ പുറത്താക്കിയതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയിരുന്നുവെന്ന് വ്യക്തമായെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പാര്‍ട്ടിനയം: ബിജെപി
ഇരുമുന്നണികളോടും അകലം പാലിക്കുകയെന്ന നയമാണ് റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപി നടപ്പാക്കിയതെന്നു ജില്ലാ പ്രസിഡന്റ് അശോകന് കുളനട. ഏതെങ്കിലും മുന്നണിയുമായി യോജിച്ച് അധികാരം പിടിക്കാനോ ഭരണത്തിലുള്ളവരെ മറിച്ചിടാനോ ബിജെപി ഒരുക്കമല്ല.
റാന്നിയില്‍ കഴിഞ്ഞ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ ബിജെപി നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച മെംബര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചതോടെ തിരികെയെടുത്തു. ഇത്തവണ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. ഇതനുസരിച്ചാണ് വിട്ടുനിന്നതെന്നും അശോകന് കുളനട പറഞ്ഞു.