കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാൾ
Thursday, June 16, 2022 5:00 PM IST
നഗരയാത്രയ്ക്ക് പുത്തന്‍ അനുഭവവും ആസ്വാദനവും പകര്‍ന്ന കൊച്ചിയുടെ അഭിമാനപദ്ധതിയായ മെട്രോ പിറന്നിട്ട് നാളെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും.

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന നഗരത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാവുകയായിരുന്നു മെട്രോയുടെ വരവ്. നിലവില്‍ ലാഭകരമല്ലെങ്കിലും കൂടുതല്‍ ജനപങ്കാളിത്തത്തോടെ മെട്രോയെ വളര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍).

1999ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ സാധ്യതാപഠനം നടത്തിയത്. 2004ല്‍ ആദ്യ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിശദമായ പദ്ധതിരേഖ തയാറാക്കി. 2007ല്‍ അച്യുതാനന്ദന്‍ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കി. 2012 സെപ്റ്റംബര്‍ 13ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആദ്യഘട്ട നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 2016 ജനുവരി 23ന് ആദ്യ പരീക്ഷണ ഓട്ടം. 2017 ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു.

ആലുവയിൽനിന്നു തുടങ്ങുന്ന മെട്രോ ലൈൻ പേട്ടയും എസ്എന്‍ ജംഗ്ഷനും കടന്ന് മുന്നേറുകയാണ്. പേട്ട-എസ്എന്‍ ജംഗ്ഷന്‍ യാത്രാ സര്‍വീസ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാലുടന്‍ തുടങ്ങും. മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും വടക്കേക്കോട്ടയിലേത്.

തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുളള 1.20 കിലോമീറ്റര്‍ അടുത്ത ജൂണില്‍ പൂര്‍ത്തിയാകും. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്നു കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണം കേന്ദ്ര അനുമതിയുടെ ചെറിയ കടമ്പകള്‍ നീങ്ങിയാല്‍ ഉടന്‍ ആരംഭിക്കും.

മെട്രോയുടെ മൂന്നാംഘട്ട വികസന പദ്ധതിയിലാണ് ആലുവ, അങ്കമാലി, നെടുമ്പാശേരി റൂട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാലാംഘട്ടത്തില്‍ തൃപ്പൂണിത്തുറയില്‍നിന്നു കാക്കനാട്ടേക്ക് മെട്രോയെ ബന്ധിപ്പിക്കും.

പ്രതിദിനം അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ യാത്രക്കാരാണ് ഇപ്പോഴുള്ളത്. അത് ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കെഎംആര്‍എലിന്‍റെ പ്രതീക്ഷ. ടിക്കറ്റ് നിരക്ക് കൂട്ടാനോ കുറയ്ക്കാന്‍ നിലവില്‍ ഉദ്ദേശ്യമില്ല.

ആലുവയില്‍നിന്നു പേട്ട വരെയുള്ള അറുപതു രൂപ നിരക്കുതന്നെയാവും പുതിയ സ്റ്റേഷനായ എസ്എന്‍ ജംഗ്ഷനിലേക്കും. സ്ഥിരം യാത്രക്കാര്‍ക്ക് നല്‍കുന്ന ട്രിപ്പ് കാര്‍ഡ് ഉപയോഗിച്ചാല്‍ നിരക്കില്‍ 33 ശതമാനം കുറവ് ലഭിക്കും. മെട്രോ കാര്‍ഡുള്ളവര്‍ക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

പത്തടിപ്പാലത്ത് 347 നമ്പര്‍ തൂണിനുണ്ടായ ചെരിവ് യാത്രക്കാരില്‍ ആശങ്ക ഉളവാക്കിയതിനെതുടര്‍ന്ന് എല്ലാ തൂണുകളുടെയും ബലപരിശോധന നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 347 പില്ലറിന്‍റെ അടിത്തറ ബലപ്പെടുത്തുന്നതിനാല്‍ ഇരുപതു മിനിട്ട് ഇടവിട്ടു മാത്രമേ ഇപ്പോള്‍ ആലുവയ്ക്ക് സര്‍വീസുള്ളൂ. ഈ മാസം അവസാനത്തോടെ അടിത്തറ ബലപ്പെടുത്തി മെട്രോ സര്‍വീസ് സാധാരണനിലയില്‍ പുനരാരംഭിക്കും.

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് തടസമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനായി ആരംഭിച്ച ഇ-ബസ് ഫീഡര്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ബസുകളുമായി ഫെബ്രുവരിയില്‍ ആരംഭിച്ച ഈ ബസ് സര്‍വീസില്‍ ഇപ്പോള്‍ ഒമ്പത് ബസുകളുണ്ട്.

85,000ത്തിലേറെ യാത്രക്കാര്‍ ഫീഡര്‍ സര്‍വീസ് ഇതുവരെ പ്രയോജനപ്പെടുത്തി. വിവിധ സ്റ്റേഷനുകളില്‍നിന്ന് 13 റൂട്ടുകളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
15 ബസുകള്‍ കൂടി ലഭ്യമാക്കി സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു. 10 ഹൈഡ്രജന്‍ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളും അന്തിമഘട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.