കൊച്ചി: ഇടപ്പള്ളിയില്‍ 56 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം എട്ടുപേര്‍ അറസ്റ്റിലായ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം അപേക്ഷ നല്കി. കേസിലെ ഒന്നാം പ്രതി ആലുവ സ്വദേശി റിച്ചു റഹ്മാന്, മലപ്പുറം സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ സ്വദേശി പി.എം സല്മാന്, തൃശൂര്‍ സ്വദേശി കെ.ബി. വിബീഷ് എന്നിവരെ നാലു ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
എറണാകുളം അസി. എക്സൈസ് കമ്മീഷണര്‍ വി. ടെനിമോനാണ് അന്വേഷണ ചുമതല. കഴിഞ്ഞ 15-നായിരുന്നു ഇടപ്പള്ളിയില്‍ ഹോട്ടല്‍ മുറി വാടകയ്ക്കെടുത്തു ലഹരി മരുന്ന് വില്പന നടത്തിയത്. ലഹരിമരുന്ന് വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ തന്‍സില, ഷിബു, ജുബൈര്‍, ആലപ്പുഴ സ്വദേശി ശരത് എന്നിവരും അറസ്റ്റിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു മൂന്നു വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍നിന്നാണ് മയക്കുമരുന്നു ലഭിച്ചതെന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു. എക്സൈസ് ആന്റി നര്‍ക്കോട്ടിക് വിഭാഗവും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായായിരുന്നു പരിശോധന നടത്തിയത്.
എംഡിഎംഎ പത്തു ഗ്രാം വീതം പലയിടത്തുനിന്നു ശേഖരിച്ചു വച്ചായിരുന്നു ഇവരുടെ വില്പന. ലഹരി വാങ്ങാനാണ് കൊല്ലത്തുനിന്നു യുവതിയടക്കമുള്ള മൂന്നംഗ സംഘം പുലര്‍ച്ചെ മൂന്നിനു ഹോട്ടലില്‍ എത്തിയത്. മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു പ്രതികള്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.
പിടിയിലായവരില്‍ കൂടുതല്‍ പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്. എക്സൈസും കസ്റ്റംസും സംഘത്തെ ഏറെനാളായി നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും വിദേശത്തു ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.