കോട്ടയം: മാലിന്യം വില്ലനായി. തീപിടിത്തത്തിൽ കത്തിയമർന്നത് അറിവിന്റെ ലോകം.
ഇന്നലെ രാത്രിയിൽ നാഗന്പടത്തെ മാലിന്യ കൂന്പാരത്തിൽനിന്നുള്ള തീ ആളി പടർന്ന് കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയാണ് കത്തിയമർന്നത്.
ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. പുസ്തക കട ഏതാണ്ട് പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നു പുസ്തകങ്ങൾ വിൽക്കുന്ന കടയുടമ അനസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അനസ് പനയക്കഴുപ്പ് ഭാഗത്തു താമസിച്ചാണ് വഴിയോര പുസ്തകശാല നടത്തിയിരുന്നത്. കടയുടെ പിറകുവശം ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ്. ഇവിടെയാണ് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത്.
കൂടിക്കിടന്ന മാലിന്യത്തിന് ആരോ തീയിട്ടു. ഇവിടെ നിന്നാണ് തീ പടർന്നത്. ചൂടിൽ ഉണങ്ങി കിടന്നിരുന്ന മാലിന്യത്തിൽനിന്നു തീ ആളി പുസ്തക കടയിലേക്ക് എത്തി. ഫയർഫോഴ്സിന്റെ നാലു യൂണിറ്റ് എത്തിയാണ് തീയണച്ചത്. ക്രിസ്മസ് ദിനത്തിലും ഇവിടുത്തെ മാലിന്യത്തിനു തീ പിടിച്ചിരുന്നു.
ലോറി പാർക്കിംഗിലെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. നഗരസഭയുടെ പല ഭാഗങ്ങളിലും ഇതേ പോലെ മാലിന്യം തള്ളിയിരിക്കുകയാണ്. ഇവിടങ്ങളിൽ മാലിന്യം കത്തിക്കുന്നതും പതിവാണ്. ചെറിയ തീപ്പൊരികൾ പടർന്നു മാലിന്യ കൂന്പാരത്തിനു തീപിടിച്ചു വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.