ചാത്തന്നൂർ: എൻജിനിയർമാർ ഇല്ലാത്തതു മൂലം കെ എസ് ആർ ടി സി യുടെ പല നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിച്ചതായി സിഎംഡി ബിജു പ്രഭാകരൻ. സർക്കാർ അനുമതിയോടെ കോർപ്പറേഷന്റെ വസ്തുവകകളിൽ 60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇത് ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല.
ചീഫ് എൻജിനിയർ ഇല്ലാത്തതിനാൽ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ടെക്നിക്കൽ കമ്മിറ്റി പോലും ചേരാൻ പറ്റാത്ത സാഹചര്യമാണെന്നും സിഎംഡി. കോർപ്പറേഷനിൽ ചീഫ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരിൽനിന്നു ബി.ടെക് യോഗ്യതയുള്ളവരെ ചീഫ് ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ നീക്കം തുടങ്ങി. സിവിൽ, ഇലക്ട്രിക്കൽ എൻജിനിയർമാരെയാണ് പരിഗണിക്കുന്നത്.
കെഎസ്ആർടിസിയിൽ കരാർ വ്യവസ്ഥയിൽ കൺസൾട്ടന്റായി (പി ആന്റ് സി ഡബ്ളിയു) നിയമിതനായിട്ടുള്ള മുൻ പിഡബ്യൂഡി.ചീഫ് എൻജിനിയർ എം.എൻ.ശിവരാജിനെ ചീഫ് എഞ്ചിനീയറായി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഡയറക്ടർ ബോർഡിന്റെ അനുമതിയോടെയായിരിക്കും ഈ നിയമനം .
കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരായ എൻജിനിയർമാരെ ചീഫ് ഓഫീസിലേക്ക് താത്ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. താല്പര്യമുള്ള എൻജിനിയർ എട്ടിനുള്ളിൽ യൂണിറ്റ് ഓഫീസർമാർ മുഖേന അപേക്ഷ നല്കണം. സിവിൽ എൻജിനിയർമാരിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ചീഫ് ഓഫീസിലേക്കുള്ള നിയമനം താത്ക്കാലികമാണ്. കേരളത്തിലെ വിടെയും ജോലി ചെയ്യാൻ തയാറായിരിക്കണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കു ശമ്പളത്തിനു പുറമേ അലവൻസുകളും അനുവദിക്കും. ഗ്രേഡ് പ്രമോഷൻ, സീനിയോറിറ്റി എന്നിവയ്ക്കും പരിഗണിക്കും.
- പ്രദീപ് ചാത്തന്നൂർ