സംശയനിഴലിലാകുന്ന സൂര്യതേജസ്
Saturday, September 28, 2024 12:00 AM IST
ബൂർഷ്വാ മാധ്യമങ്ങളെന്നു സിപിഎം അസഹിഷ്ണുതയോടെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളും പാർട്ടിയുടെ ആരാധകരല്ലാത്തവരും പ്രതിപക്ഷവും സർക്കാരിനെതിരേ കാലങ്ങളായി ഉന്നയിച്ചിരുന്ന ചോദ്യങ്ങളാണ് അൻവറും ഉന്നയിച്ചത്.
സിപിഎം സെക്രട്ടറി കരുതുന്നതുപോലെ, അൻവർ അല്ല അൻവറിനേക്കാൾ വലിയ നൂറാളു വന്നാലും സിപിഎമ്മിനെ തകർക്കാനാകുമോ ഇല്ലയോ എന്നതല്ല കേരളത്തിന്റെ നീറുന്ന പ്രശ്നം. ജനങ്ങളുടെ പ്രധാന പ്രശ്നം അഴിമതിമുക്തമായ ഭരണം കേരളത്തിലുണ്ടോ എന്നതാണ്.
രണ്ടാമത്തേത്, അഴിമതിയാരോപണങ്ങൾ മറച്ചുവയ്ക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി അന്തർധാരയുണ്ടായിട്ടുണ്ടോ എന്നതാണ്. രണ്ടും പരസ്പരബന്ധിതമായ കാര്യങ്ങളാണ്. പിണറായി വിജയൻ സൂര്യതേജസാണ് എന്ന ആർപ്പുവിളിയല്ല ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം.
മാധ്യമങ്ങളും പാർട്ടി ആരാധകരല്ലാത്തവരും കാലങ്ങളായി ഉന്നയിക്കുന്ന ഈ ചോദ്യങ്ങളാണ് സർക്കാരിന്റെ ഭാഗമായിരുന്ന പി.വി. അൻവർ എംഎൽഎയും ഉന്നയിച്ചത്. അതോടെ അദ്ദേഹവുമായുള്ള ബന്ധം പാർട്ടി വിച്ഛേദിച്ചിരിക്കുന്നു.
പക്ഷേ, അഴിമതിയെയും ബിജെപി ബന്ധത്തെയുംകുറിച്ചുള്ള ചോദ്യങ്ങളുമായുള്ള ബന്ധം പാർട്ടിക്കു വിച്ഛേദിക്കാനാവില്ല. ഉത്തരം കിട്ടുവോളം അത് സിപിഎമ്മിനെ വേട്ടയാടും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ അധാർമിക ഇടപെടലുകളും എഡിജിപി എം.ആർ. അജിത്കുമാറിന്റെ അഴിമതിയും തൃശൂർ പൂരം കലക്കിയതിലെ പങ്കും ആർഎസ്എസ് ബന്ധവുമൊക്കെ ഉന്നയിച്ചാണ് അൻവർ തുടക്കമിട്ടത്.
അപ്പോഴൊക്കെ മുഖ്യമന്ത്രിയെ അത്യാവശ്യം പുകഴ്ത്തിക്കൊണ്ടിരിക്കാനും അൻവർ മടിച്ചില്ല. പക്ഷേ, ആരോപണവിധേയരായ രണ്ടു പേർക്കുമെതിരേ മുഖ്യമന്ത്രി നടപടിയെടുക്കില്ല എന്നുറപ്പായതോടെ അൻവർ മുഖ്യമന്ത്രിയെ ഇരസ്ഥാനത്തുനിന്നു മാറ്റി പ്രതിസ്ഥാനത്തേക്കു കൊണ്ടുവന്നു.
വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിനു മുന്പ് അൻവർ സിപിഎം ബന്ധം ഉപേക്ഷിക്കാൻ തീരുമാനമെടുത്തു. അത്തരമൊരു തീരുമാനമെടുക്കാതെ, മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാനാണ് സിപിഎമ്മിന്റെ ബിജെപി ബന്ധമെന്നു പറയാൻ അൻവറിനു കഴിയില്ല. ചോദ്യമുന്നയിക്കുന്നത് ആര് എന്നതിനപ്പുറം ചോദ്യമെന്ത് എന്നതിലേക്കു കാര്യങ്ങളെത്തിയിരിക്കുന്നു.
അൻവർ അഴിമതിമുക്തനാണോ എന്ന ചോദ്യത്തേക്കാൾ മുഖ്യമന്ത്രിയുടെ അപ്രമാദിത്തവും മകളുടേത് ഉൾപ്പെടെയുള്ള അഴിമതിയാരോപണങ്ങളും ആർഎസ്എസ് ബന്ധവും അൻവർ കേരള രാഷ്ട്രീയത്തിൽ സജീവമാക്കി. അവയിൽ ഒന്നുപോലും പുതിയതല്ല.
ബൂർഷ്വാ മാധ്യമങ്ങളെന്നു സിപിഎം അസഹിഷ്ണുതയോടെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളും പാർട്ടിയുടെ ആരാധകരല്ലാത്തവരും പ്രതിപക്ഷവും സർക്കാരിനെതിരേ കാലങ്ങളായി ഉന്നയിച്ചിരുന്ന ചോദ്യങ്ങളാണ്. പക്ഷേ, സർക്കാരിന്റെ ഭാഗമായിരുന്ന എംഎൽഎ അതേ ചോദ്യം ഉന്നയിച്ചതോടെ പാർട്ടി സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തിലായിരിക്കുന്നു.
സർക്കാരിന്റെ ഏറ്റവും വലിയ ബാധ്യതയായി മുഖ്യമന്ത്രിതന്നെ മാറുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഒരാരോപണത്തിനും വിശ്വസനീയമായ മറുപടി പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് വികസനവും വർഗീയവിരുദ്ധതയും ജനാധിപത്യവുമല്ല; സിപിഎമ്മിന്റെ അഴിമതിയും ബിജെപി ബന്ധങ്ങളുമാണ്.
അതിനെയൊന്നും ചോദ്യംചെയ്യാൻ ധൈര്യപ്പെടാത്തവിധം നേതാക്കളെ നട്ടെല്ലില്ലാത്തവരാക്കാൻ പിണറായിക്കു സാധിക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് പാർട്ടിയുടെ സ്വതന്ത്ര എംഎൽഎ, താൻ തീപ്പന്തമാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്. “നീതി കിട്ടിയില്ലെങ്കിൽ നീ തീയാകുക” എന്ന ആപ്തവാക്യത്തിലെ തീയാകാൻ അൻവറിനു കഴിഞ്ഞിട്ടുണ്ട്.
പക്ഷേ, അതു നീതി കിട്ടാഞ്ഞിട്ടാണോ മറ്റെന്തെങ്കിലും രാഷ്ട്രീയമാണോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റോപ് വേയും തടയണയുമൊക്കെ അനധികൃതമാണെന്ന വിവാദം മറക്കാറായിട്ടില്ല. അന്നദ്ദേഹം തീയായത് മാധ്യമങ്ങൾക്കെതിരേയാണ്. അസഹിഷ്ണുത അങ്ങേയറ്റമായിരുന്നു; ഇപ്പോഴുമതേ. ആ അർഥത്തിൽ പിണറായിയോടു തന്നെയാണ് അൻവറിനു സാമ്യമേറെ.
പക്ഷേ, പിണറായിക്കു പിന്നിൽ പാർട്ടിയുണ്ട്. അതില്ലാത്ത അൻവറിന് പുതിയൊരു പാർട്ടിയുണ്ടാക്കാം; പക്ഷേ, താത്കാലിക ആവേശത്തിനപ്പുറം ജനം ഏറ്റെടുക്കാനിടയില്ല. കാരണം, അൻവറിന്റെ രാഷ്ട്രീയസംഭാവന ചില ചോദ്യങ്ങൾ മടിയില്ലാതെ ഉന്നയിച്ചു എന്നതു മാത്രമാണ്. അതിനുമുന്പ് അദ്ദേഹം ചെയ്തതിൽ കേരളത്തിന് ഏറ്റെടുക്കാനുള്ളതൊന്നും കാര്യമായിട്ടില്ല.
അതേ; അൻവറല്ല, അൻവറിനും ഉന്നയിക്കേണ്ടിവന്ന ചോദ്യങ്ങളാണ് തീപ്പന്തമാകുക. അതു കെടുത്തുവോളം ഈ പാർട്ടിയും മുഖ്യമന്ത്രിയും സൂര്യതേജസിലായിരിക്കില്ല, സംശയത്തിന്റെ നിഴലിലായിരിക്കും.