കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയാണ് തോന്നിയപടി വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണമെന്നു വിശ്വസിക്കേണ്ട സാഹചര്യമുണ്ട്. കാശു കൊടുക്കുന്ന ജനം കാര്യമറിയേണ്ടെന്നു പറയാന്‍ നാടുവാഴിയാണോ നാടു ഭരിക്കുന്നത്?
സ്വന്തം കെടുകാര്യസ്ഥതയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് വീണ്ടും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനുള്ള ഓട്ടത്തിലാണ് കെഎസ്ഇബി. അതു തടയാന്‍ തങ്ങളുടേതായ ശ്രമം നടത്തുകയാണ് ഉപയോക്താക്കളിലെ പ്രതിബദ്ധതയുള്ള കുറെ മനുഷ്യര്‍. വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച അപേക്ഷ അംഗീകരിക്കുന്നതിനുമുമ്പ് താരിഫ് റെഗുലേറ്ററി കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ ജനം ഇടിച്ചുകയറി.
ആദ്യമായാണ് കെഎസ്ഇബി ജനകീയ വിചാരണ നേരിടുന്നത്. ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും നിഷേധിക്കാന്‍ കെഎസ്ഇബിക്കോ കമ്മീഷനോ കഴിഞ്ഞിട്ടില്ല. കഴിവില്ലായ്മകൊണ്ട് എത്ര നഷ്ടമുണ്ടായാലും യാതൊരുളുപ്പുമില്ലാതെ ബില്ലില്‍ കയറ്റിവിടുന്ന പണി നിര്‍ത്തിയേ പറ്റൂ. അന്യായമായി നയാപൈസ വര്‍ധിപ്പിക്കരുത്. പൊറുതിമുട്ടിയ ജനത്തോട് സര്‍ക്കാരിനും പ്രതിപക്ഷത്തിനുമുള്ള പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍.
റെഗുലേറ്ററി കമ്മീഷന് നിലവില്‍ വന്നതിനുശേഷമാണ് നിരക്കുവര്ധനയില് കെഎസ്ഇബിയുടെ ഏകാധിപത്യം അവസാനിച്ചത്. ഇപ്പോള്‍ കമ്മീഷന് അനുവദിച്ചാലേ നിരക്കു വര്ധിപ്പിക്കാനാകൂ. അതിനുള്ള നടപടിക്രമങ്ങളിലൊന്നാണ് ജനങ്ങളുടെ അഭിപ്രായം തേടല്‍. ഇക്കാലമത്രയും അതു വഴിപാടായിരുന്നു. കുറച്ചുപേര്‍ വന്നു സങ്കടം പറയുന്നു, കെഎസ്ഇബിയുടെ തൊടുന്യായങ്ങള്ക്കൊടുവില് കമ്മീഷന് നിരക്കു വര്‍ധിപ്പിക്കുന്നു.
പക്ഷേ, ഇത്തവണ പതിവു തെറ്റി. കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ റെഗുലേറ്ററി കമ്മീഷന് ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ സിറ്റിംഗ് നടത്തിക്കഴിഞ്ഞു. നാല്പതോ അമ്പതോ ആളുകള്‍ വന്നിടത്ത് ആയിരത്തിലേറെ ആളുകളെത്തി. കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും ദുര്‍ബലമാക്കിയ കെഎസ്ഇബിയുടെ നഷ്ടമെല്ലാം തങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് ഉപയോക്താക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോഴത്തെ ദ്വൈമാസ ബില്ലിംഗിനു പകരം അതതു മാസം ബില്‍ നല്‍കുക, ബില്ലുകള്‍ മലയാളത്തിലാക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക, സോളാര്‍ പദ്ധതിയെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുക, കര്‍ഷകര്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉപയോക്താക്കള്‍ ഉന്നയിച്ചു. 11ന് തിരുവനന്തപുരത്തു നടത്താനിരിക്കുന്ന സിറ്റിംഗാണ് അവസാനത്തേത്. അതിനുശേഷം ഉപദേശകസമിതിയും ചേര്‍ന്നതിനുശേഷമായിരിക്കും നിരക്കുവര്ധനയില് തീരുമാനം.
ജനങ്ങളുടെ പരാതി കേട്ട റെഗുലേറ്ററി കമ്മീഷന് തീരുമാനമെടുക്കുമ്പോള്‍ അവരെ കൈവെടിയുമോയെന്നാണ് ഇനി അറിയാനുള്ളത്. ജനഹിതം മാനിക്കുന്നില്ലെങ്കില്‍ ഇനി ഇത്തരം അഭിപ്രായം തേടല്‍ പ്രഹസനങ്ങള്‍ നടത്താതിരിക്കുകയാണു നല്ലത്. കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി നാലു കമ്പനികളില്‍നിന്ന് 25 വര്‍ഷത്തേക്കു വാങ്ങാനുള്ള കെഎസ്ഇബിയുടെ ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിക്കാനാവില്ലെന്ന് കഴിഞ്ഞ ജൂലൈയില്‍ വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ഇത് വലിയ പ്രതിസന്ധിയാണ്. 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷന് അതു റദ്ദാക്കിയത്. കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചത് എല്‍ഡിഎഫ് തന്നെയാണ്. പക്ഷേ, അതു ശരിവച്ച് കരാര്‍ റദ്ദാക്കപ്പെട്ടപ്പോള്‍ പകരം എന്തു ചെയ്യുമെന്നറിയില്ല. 4.29 രൂപയ്ക്കു ലഭിച്ചിരുന്ന വൈദ്യുതി ഇപ്പോള്‍ ഇരട്ടി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് ബോര്‍ഡ്.
യഥാസമയം ചെയ്യേണ്ടതു ചെയ്യില്ലെന്ന ആരോപണം വൈദ്യുതി ബോര്‍ഡിനെതിരേ പണ്ടേയുള്ളതാണ്. ഹിമാചലിലെ സത്ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വര്‍ഷത്തേക്ക് 4.46 രൂപയ്ക്ക് കിട്ടേണ്ടിയിരുന്ന 166 മെഗാവാട്ട് വൈദ്യുതി, തീരുമാനം വൈകിച്ചതുകൊണ്ടു മാത്രം കഴിഞ്ഞ വര്‍ഷം നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി പിന്നീട് തിരിച്ചുകൊടുക്കുന്ന സ്വാപ് രീതിക്കു പകരം, ദിവസവും പണം നല്കി വാങ്ങിയത് ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയായത് കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അതിനു കാരണക്കാരായവര്ക്കല്ല, ഉപയോക്താക്കള്‍ക്കാണ് ശിക്ഷ. ഈ കെടുകാര്യസ്ഥതയില്‍ മടുത്താണ് ജനം ഇത്തവണ പ്രതികരിക്കാനിറങ്ങിയത്.
2027 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് നിരക്കു വര്‍ധിപ്പിക്കാനാണ് വകുപ്പ് അനുമതി തേടിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോ കുറഞ്ഞ വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വൈദ്യുതി വാങ്ങാന്‍ യഥാസമയം കാരാറിലേര്പ്പെടുന്നതിനോ സംസ്ഥാന താത്പര്യമനുസരിച്ച് അത് നിലനിര്‍ത്തുന്നതിനോ ബോര്‍ഡിലെ അനാവശ്യ തസ്തികകള്‍ ഒഴിവാക്കുന്നതിനോ പ്രസരണനഷ്ടം കുറയ്ക്കുന്നതിനോ ഒന്നും കെഎസ്ഇബിക്കു താത്പര്യമുള്ളതായി തോന്നുന്നില്ല.
കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയാണ് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണമെന്നു വിശ്വസിക്കേണ്ട സാഹചര്യമുണ്ട്. അത് അങ്ങനെയല്ല എന്ന്, സാമ്പത്തിക ബാധ്യത മുഴുവന്‍ വഹിക്കുന്ന ജനങ്ങളോടു തെളിവു നിരത്തി പറയാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നയാപൈസയുടെ നിരക്കുവര്ധനയ്ക്കുപോലും ന്യായീകരണമില്ല.
20 ഇരട്ടിവരെ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചത് പിന്നീട് പകുതി കുറച്ച് കണ്ണില്‍ പൊടിയിട്ട സര്‍ക്കാരാണിത്.കരുതിയിരിക്കണം; റെഗുലേറ്ററി കമ്മീഷനും കൈവിട്ടാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള മര്യാദയെങ്കിലും പ്രതിപക്ഷം കാണിക്കണം. സര്‍ക്കാരായാലും പ്രതിപക്ഷമായാലും ജനപക്ഷത്തല്ലെങ്കില് എന്തു കാര്യം?