പുതുതലമുറ സിനിമകൾ കാണുന്ന കുട്ടികൾക്ക് ഇനിയേതായാലും മദ്യപാനം അപമാനകരമായൊരു കാര്യമാണെന്നു തോന്നാനിടയില്ല. അത്ര സാമാന്യവത്കരണമാണ് നടത്തുന്നത്. കോളജ് വിദ്യാർഥികൾ മാത്രമല്ല, സ്കൂൾ കുട്ടികളും മദ്യപിക്കുന്ന രംഗങ്ങൾ തുടർച്ചയായി കാണിക്കുന്നതിൽ സംവിധായകർ മത്സരിക്കുകയാണ്.
ഇക്കാര്യത്തിൽ പെൺകുട്ടികളോടും വിവേചനമില്ല. സിനിമയിൽ കണ്ടതുകൊണ്ടാണോ കുട്ടികൾ മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചുതുടങ്ങിയത് എന്നു ചോദിച്ചാൽ അതുകൊണ്ടുകൂടിയാണ് എന്നു പറയേണ്ടിവരും. മാത്രമല്ല, മദ്യപാനം ചീത്തക്കാര്യമല്ലെന്ന തോന്നലുണ്ടാക്കി സിനിമ കൂടുതൽ കുട്ടികളെ ആകർഷിക്കുകയാണെന്നും പറയണം.
മദ്യപിക്കുന്നതു ശരിയോ തെറ്റോ എന്ന് ഇത്തിരിയെങ്കിലും സന്ദേഹമുള്ള കുട്ടികൾക്ക് ഈ സിനിമകൾ കൃത്യമായ ഉത്തരം കൊടുക്കുകയാണ്. ഇത് ആവിഷ്കാര സ്വാതന്ത്ര്യമാണോ അസൽ സാമൂഹികവിരുദ്ധതയാണോ?
കുട്ടികളെയും യുവാക്കളെയും ആകർഷിച്ച് ഇപ്പോൾ തിയറ്ററുകളിലുള്ള ഒരു സിനിമയിൽ സ്കൂൾ കുട്ടികളുടെ കൈയിൽ മദ്യഗ്ലാസുകളും ബിയർ കുപ്പികളും പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ആവേശമായി തുടരുന്ന മറ്റൊരു സിനിമയിലും തുടക്കം മുതൽ ഒടുക്കം വരെ കുടിയോടു കുടിയായിരുന്നു.
കോളജിലും ഹോസ്റ്റലിലും പുറത്തുമൊക്കെ രാപകലില്ലാതെ കുടിക്കുന്ന കുട്ടികളുടെ ആരാധനാപാത്രം അധോലോക നായകനാണ്. കുടിച്ചു നിയമം ലംഘിക്കുകയും കൊക്കയിൽ വീഴുകയും ചെയ്തവരുടെ കഥ പറഞ്ഞിറക്കിയ സിനിമയിൽ അതു കഥയുടെ ഭാഗമായിരുന്നിരിക്കാം.
പക്ഷേ, മാനസിക സംഘർഷങ്ങളോ സന്തോഷമോ എന്തുമാകട്ടെ, ബാക്കി കാര്യം കുടിച്ചുകൊണ്ട് ആലോചിക്കുകയും ആഘോഷിക്കുകയും ചെയ്യാമെന്ന പൊതുബോധം സൃഷ്ടിക്കുന്ന സിനിമകളാണ് ഒന്നിനു പിറകേ മറ്റൊന്നായി പുറത്തിറങ്ങുന്നത്. കുട്ടികളിൽ മദ്യപാനത്തിന്റെ മഹത്വവത്കരണം വെള്ളം ചേർക്കാതെ ഒഴിച്ചുകൊടുക്കുന്ന സിനിമകളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കരുത്.
വിവാഹം ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ മാത്രമല്ല, മരണവീട്ടിലും കയറിക്കൂടിയ "വിഷപ്പാന്പി’നെ സിനിമ അന്തസിന്റെ വേഷം കെട്ടിക്കരുത്. സിനിമയിൽ ഇതൊക്കെ ആദ്യമാണോ എന്ന ചോദ്യമുണ്ട്. അല്ല. പക്ഷേ, ചില വ്യത്യാസങ്ങളുണ്ട്.
ജീവിതത്തിലായാലും സിനിമയിലായാലും കുറച്ചുകാലം മുന്പുവരെ മദ്യപാനി ആദരിക്കപ്പെടുന്ന വ്യക്തിയോ കഥാപാത്രമോ ആയിരുന്നില്ല; ദുരന്ത-പരിഹാസപാത്രമായിരുന്നു. ഓടയിലും മദ്യഷാപ്പിലും അലങ്കോലമായ കുടുംബപശ്ചാത്തലത്തിലും കുറ്റവാളിസംഘങ്ങളിലും വീണുകിടന്ന മദ്യപർക്കു സമകാലിക സിനിമ മാന്യത ഉറപ്പിക്കുകയാണ്.
പണ്ട് വില്ലന്റെ കൈയിലിരുന്ന മദ്യക്കുപ്പി ഇന്നു കൗമാരനായകന്റെപോലും കൈയിലാകുന്പോൾ മദ്യത്തിനും താരപരിവേഷമായി. 20,000 കോടിക്കടുത്ത് രൂപയ.ുടെ മദ്യം ഒരു വർഷം കുടിച്ചുതീർക്കുന്ന കേരളത്തിന്റെ ദുർവിധിയിലേക്ക് കുട്ടികളെയും ആനയിക്കുന്ന ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കൊടിയിൽ തെളിയുന്നത് തലയോട്ടിയും എല്ലുകളുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തികവർഷം 19,088.68 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷം ഇത് 18,510.98 കോടിയായിരുന്നു. നികുതിയിലൂടെ സര്ക്കാര് ഖജനാവില് എത്തിയത് 16,609.63 കോടി രൂപ. പോലീസ് സ്റ്റേഷനുകളിലെ എഫ്ഐആറുകളിൽനിന്ന് മദ്യപിച്ച് കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ കണക്കുകൂടി ശേഖരിച്ച് സർക്കാർ പുറത്തുവിടണം.
എങ്കിൽ മാത്രമേ 16,609.63 കോടി രൂപ നികുതി വാങ്ങി സർക്കാർ ജനങ്ങൾക്കു കൊടുത്തത് എന്താണെന്നതിന്റെ കൃത്യമായ വിവരം പുറത്തുവരികയുള്ളൂ. മദ്യം തകർത്തു തരിപ്പണമാക്കിയ വ്യക്തിബന്ധങ്ങൾ, കുടുംബബന്ധങ്ങൾ, തൊഴിലുകൾ; മദ്യലഹരിയിൽ സംഭവിച്ച കൊലപാതകങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ, അപകടങ്ങൾ, സാന്പത്തിക തകർച്ചകൾ, രോഗങ്ങൾ, ആത്മഹത്യകൾ എന്നിവയ്ക്കൊന്നും കണക്കില്ല.
ചെറുപ്പത്തിലേ തുടങ്ങുന്ന മദ്യപാനം ഇതിന്റെയൊക്കെ വ്യാപ്തി പലമടങ്ങാക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കോട്ടകെട്ടി ഈ അരാജകത്വത്തെ വെള്ളിത്തിരയിൽ വെളുപ്പിച്ചെടുക്കേണ്ടതുണ്ടോ? സെൻസർ ബോർഡ് ഇതറിയുന്നില്ലേ?
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേരളം കണ്ടത്, സെക്സും വയലൻസും നിറഞ്ഞ അണിയറക്കഥകളാണ്. പക്ഷേ, അനാവശ്യമായ കൗമാര മദ്യപാനരംഗങ്ങളും അതിന്റെ മഹത്വവത്കരണവും അണിയറയ്ക്കു പുറത്തും ഇരതേടിയിറങ്ങുകയാണ്. പാട്ടുപാടി, നൃത്തം ചെയ്ത് കുട്ടികളെയും ഒപ്പം രാജ്യത്തെയും നാശത്തിലേക്കു കൊണ്ടുപോകുന്ന "ദി പൈഡ് പൈപ്പർ ഓഫ് ഹാമെലിൻ' കേരളത്തിൽ അവതരിക്കുന്നത് സിനിമയായിട്ടാണെങ്കിൽ കരുതിയിരിക്കണം.