സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
സംസ്ഥാനത്തും പുറത്തുമുള്ള മലയാളികളുടെ സർവതോമുഖമായ വികസനത്തിനു വഴിതെളിക്കാൻ ഏറെ സാധ്യതകളുള്ളതാണ് ലോക കേരളസഭ. നാലാം സമ്മേളനം കഴിയുന്പോഴെങ്കിലും അതു നേരന്പോക്കല്ലെന്നു ജനങ്ങളോടു പറയാൻ സർക്കാരിനു കഴിയണം.
നാലാമതു ലോക കേരളസഭ ഇന്നലെ തിരുവനന്തപുരത്തു തുടങ്ങി. ഇന്നു സമാപിക്കും. കേരളത്തിനകത്തും വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ.
തീർച്ചയായും ഉന്നതരായ മലയാളികളെ വിളിച്ചുകൂട്ടി സർക്കാർ നടത്തുന്ന ഈ കൂട്ടായ്മ കേരളത്തിന് ഏതെങ്കിലുമൊക്കെ വിധത്തിൽ മുതൽക്കൂട്ടാകണം. കാരണം, 351 അംഗങ്ങൾ മാത്രമുള്ള സഭയുടെ ചെലവെല്ലാം പൊതുഖജനാവിൽനിന്നാണ്. കഴിഞ്ഞ മൂന്നു സഭകളുടെയും പ്രയോജനമെന്തായിരുന്നെന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരമില്ലാതിരിക്കെ, ഇത്തവണത്തെ സമ്മേളനങ്ങൾ ഫലപ്രദമാക്കാനുള്ള ശ്രമം സർക്കാരിൽനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനവും അനുബന്ധ പരിപാടികളുമൊക്കെ മാറ്റിവച്ചശേഷം ഒരു ദിവസം വൈകിയാണ് ലോക കേരളസഭ തുടങ്ങിയത്. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു പ്രവര്ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യമെന്നു സർക്കാർ പറയുന്നു.
എന്നാൽ, സംസ്കാരത്തിന്റെ വികസനം എന്ന പരാമർശം തെറ്റിദ്ധാരണയുളവാക്കുന്നതാണ്. അതിനേക്കാൾ വ്യാപ്തിയുള്ള വിഷയങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിൽ ചർച്ചയ്ക്കു വച്ചിരിക്കുന്നത്. എമിഗ്രേഷൻ കരടുബിൽ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസത്തെക്കുറിച്ചുള്ള നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും; പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ, കേരള വികസന നവ മാതൃകകൾ, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ-കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സന്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിവയാണ് വിഷയങ്ങൾ.
കേരളം അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളാണ് ഇതെല്ലാം. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിൽനിന്നുള്ള കുടിയേറ്റം മുന്പെങ്ങുമില്ലാത്തവിധം ഉയർന്നിരിക്കെ നമ്മുടെ യുവാക്കൾക്ക് ഏറെ പ്രയോജനകരവുമാണ്. പക്ഷേ, 2018ൽ തുടങ്ങിയ സഭയുടെ കഴിഞ്ഞ മൂന്നു സമ്മേളനങ്ങളിലെ ഇത്തരം ഗഹനമായ ചർച്ചകളുടെ ഫലം എന്തായിരുന്നു? വിദേശത്തു നടത്തിയ മേഖലാ സമ്മേളനങ്ങളുടെ ഫലമെന്തായിരുന്നു? നാട്ടിലുള്ളതോ പ്രവാസികളോ ആയ മലയാളികൾക്ക് ഗുണപ്രദമായ എന്തു കാര്യങ്ങളാണു നടന്നത്? ഇതേക്കുറിച്ചൊക്കെ ധവളപത്രം ഇറക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.
വാർത്തകളിൽ കാണുകയും കേൾക്കുകയും ചെയ്യുന്നു എന്നതിനപ്പുറം സാധാരണക്കാരെ കാര്യമായി ബാധിക്കാത്ത ഒരു സംഭവമായിട്ടാണ് ഇത് കഴിഞ്ഞ മൂന്നു തവണയും അരങ്ങേറിയത്. കേരളത്തിന്റെ ഏറ്റവും ഗുരുതരമായ പ്രശ്നം സാന്പത്തികമാന്ദ്യമാണ്. വികസന പദ്ധതികളുടെ കാര്യം പോകട്ടെ, ക്ഷേമപദ്ധതികൾ പോലും മുടങ്ങി. സാന്പത്തിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്ന ഏതൊരു നീക്കത്തെയും ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നത് അവരുടെ കുറ്റമല്ല, ഗതികേടുകൊണ്ടാണ്.
സംസ്ഥാനത്തെ എംഎൽഎമാരും എംപിമാരുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. എന്നുവച്ചാൽ, ഈ നാടിന്റെ കാര്യത്തിൽ താത്പര്യമുള്ളവരും ഉത്തരവാദിത്വമുള്ളവരും സഭയിലുണ്ട്. എന്നിട്ടും, അതേക്കുറിച്ചറിയാൻ ഇക്കൊല്ലവും നാലു കോടിയിൽപരം രൂപ ഇതിനായി നൽകിയ നികുതിദായകർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ആക്ഷേപങ്ങൾ ഉയരുന്നത്.
കേരള വികസനത്തിനോ, വിദേശനിക്ഷേപ സമാഹരണത്തിനോ, പ്രവാസികളുടെ പ്രശ്നപരിഹാരത്തിനോ ലോക കേരളസഭ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നാണ് ഏറെക്കാലം ഇടതുപക്ഷത്തായിരുന്ന ചെറിയാൻ ഫിലിപ്പ് കഴിഞ്ഞദിവസം ആരോപിച്ചത്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നേട്ടങ്ങൾ ഇവയൊക്കെയാണെന്നും അക്കമിട്ടു പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. അല്ലെങ്കിൽ, നാട്ടുകാരുടെ ചെലവിൽ നടത്തുന്ന റിക്രിയേഷൻ ക്ലബ്ബായി ഇത് മുദ്രയടിക്കപ്പെടും. കാശു മുടക്കി നേരന്പോക്കു നടത്താനുള്ള സാഹചര്യമല്ല കേരളത്തിലിപ്പോൾ.